വൈക്കം മുഹമ്മദ് ബഷീറിന്റെ അതേ പേരിലുള്ള കഥ/തിരക്കഥ അവലംബമാക്കി ആഷിക് അബു സംവിധാനം ചെയ്ത “നീലവെളിച്ചം” എന്ന സിനിമ കണ്ടു. സിനിമ പൊതുവേ എനിക്കിഷ്ടപ്പെട്ടു.
സിനിമ തീയേറ്റർ റിലീസ് ആയ ഇടയ്ക്ക് “ഭാർഗ്ഗവീനിലയം” ഒന്നുകൂടി കാണുകയുണ്ടായി. യൂട്യൂബിൽ ഇപ്പോഴുള്ള അതിന്റെ പ്രിന്റ് മികച്ചതാണ്. അതുകൊണ്ട് മുമ്പു കണ്ടതിനേക്കാൾ ആസ്വാദ്യമായിരുന്നു അത്. “ഭാർഗ്ഗവീനിലയ”ത്തേപ്പറ്റി ഇനി എഴുതാനും പറയാനുമൊന്നും ബാക്കിയില്ല, അതുകൊണ്ട് അതിനു മുതിരുന്നില്ല.
“നീലവെളിച്ചം” വീട്ടിലിരുന്ന് ആമസോൺ പ്രൈമിലാണ് കണ്ടത്. സിനിമയുടെ തുടക്കം തന്നെ ഭാർഗ്ഗവീനിലയം എന്ന ബംഗ്ലാവിന്റെ വൈഡ് ഷോട്ട് ആണ്. ആ രംഗത്തിന്റെ പ്രകാശവിന്യാസം കണ്ടയുടൻ വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു – കാരണം ആ ഫ്രേമിന്റെ അരികുകളിലും ചെടികൾ, മരങ്ങൾ, കിണർ, കരിയില എന്നിവയുടെ ഇരുണ്ട silhouettes കാണാമായിരുന്നു. വീട്ടിലെ ലൈറ്റുകൾ ഓൺ ആണെങ്കിൽ സിനിമയുടെ ടോട്ടാലിറ്റി മിസ്സ് ആകുമെന്നതിനുള്ള സൂചന ആദ്യമേ കിട്ടി. അതിനു തന്നെ ഒരു സല്യൂട്ട്!
എന്നാലും ഇരുട്ടിലെ രംഗങ്ങൾ അല്പം over-lit (അമിതപ്രകാശിതം) ആയിത്തന്നെ തോന്നി. ആഷിക് അബുവിന്റെ ഒരു ഇന്റർവ്യൂവിൽ (“The cue” channel, YouTube) ഒരു സീനിലെ പ്രധാനാംശങ്ങളെ മാത്രം കാണിക്കാതെ വിശാലമായ ഒരു കോണ്ടക്സ്റ്റ് കാണിക്കാനാണ് ശ്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറേയിടങ്ങളിൽ (മിക്ക വാതിൽപ്പുറരംഗങ്ങളിലും) വൈഡ് ഫ്രേമുകൾ ഉൾപ്പെടുത്തിയത് അതുകൊണ്ടായിരിക്കണം. പക്ഷേ രാത്രി സീനുകളിൽ ആ അനുഭവം പകരാനായി വലിയൊരു ഏരിയ പ്രകാശിപ്പിച്ചിട്ടുണ്ട്. ഞാനിത് താരതമ്യപ്പെടുത്തുന്നത് “ജല്ലിക്കെട്ടി”ലെ രാത്രിസീനുകളുമായിട്ടാണ്. ജല്ലിക്കെട്ടിൽ ഇരുട്ടിന്റെ കറുപ്പും നാടകീയതയും ദുരൂഹതയും ഒട്ടും ചോരാതെ വൈഡ് ഷോട്ടുകൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രണ്ടു സിനിമകളുടേയും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ്. അതുകൊണ്ട് ഈ വ്യത്യാസം സംവിധായകന്റെ കാഴ്ചപ്പാടിന്റെ വ്യത്യാസമാകാനാണ് സാധ്യത.
സിനിമയേപ്പറ്റി വന്ന പ്രധാന വിമർശനം മഹാ ബോറാണ് എന്നതാണ്. അല്ലെങ്കിലും ഏകാന്തത വിരസമാണ്, വരിഞ്ഞുമുറുക്കുന്നതാണ്, കുത്തിനോവിക്കുന്നതാണ്, വിഹ്വലമാണ്, അസഹ്യമാണ്. ഒട്ടും എന്റർട്ടെയ്നിങ്ങ് അല്ല. പക്ഷേ ഒരു വിനോദ ഉല്പന്നം എന്ന നിലയിൽ “ഭാർഗ്ഗവീനിലയ”വും “നീലവെളിച്ച”വും അതിനെ ആസ്വാദ്യമായ കലാരചനയാക്കാൻ ശ്രമിച്ചിട്ടുണ്ട്, വ്യത്യസ്തമായ രീതികളിലാണെന്നേയുള്ളൂ.
“ഭാർഗ്ഗവീനിലയം” ആശ്രയിച്ചത് രംഗങ്ങളിലെ നാടകീയത, മികച്ച ഛായാഗ്രഹണം, വ്യത്യസ്തമായ ഇമ്പമുള്ള ഗാനങ്ങൾ, രംഗങ്ങളിലെ നാടകീയത (അഭിനയത്തിലും ശബ്ദത്തിലും), ചെറിയ പരീക്കണ്ണ്/കുതിരവട്ടം പപ്പു എന്നിവരുടെ സാമാന്യം ദീർഘമായ ഹാസ്യരംഗങ്ങൾ എന്നിവയാലാണ്. “നീലവെളിച്ച”മാകട്ടെ, ചിത്രീകരണം, ശബ്ദലേഖനം എന്നിവയുടെ സാങ്കേതികത്തിവ് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവന എന്നിവയേയാണ് ആശ്രയിച്ചത്. നാടകീയതയുള്ള രംഗങ്ങൾ “നീലവെളിച്ച”ത്തിൽ നന്നേ കുറവാണ് (അതു കൊണ്ടുവരാൻ ശ്രമിച്ച രണ്ടിടങ്ങളെങ്കിലും ബാലിശമായി – ഒന്ന് ‘ഏകാന്തതയുടെ അപാര തീരം’ എന്ന പാട്ടിന്റെ അവസാനം കൊണ്ടുവന്ന ഡിജിറ്റൽ ഇഫക്റ്റ്, രണ്ട് അവസാന സീനിൽ കിണറ്റിനുള്ളിൽ നിന്ന് പറന്നു പൊങ്ങുന്ന കടലാസുകൾ, അതും മഴയത്ത്).
“ഭാർഗ്ഗവീനിലയ”ത്തിന് ലഭിച്ച പൊതു സ്വീകാര്യത “നീലവെളിച്ച”ത്തിന് കിട്ടാതിരുന്നതിനുള്ള ഒരു കാരണം ഈ വ്യത്യാസങ്ങളാണെന്നു തോന്നുന്നു.
“ഭാർഗ്ഗവീനിലയ”ത്തിൽ ചില രംഗങ്ങളിലെ നിഗൂഢതയ്ക്കും ഭയാനകതയ്ക്കും മിഴിവേകാൻ ഉയർന്ന ശബ്ദത്തിലുള്ള പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടുണ്ട്. ഗാനങ്ങളിൽ വരികൾക്കിടയിലുള്ള ഉപകരണസംഗീതവും ഉച്ചസ്ഥായിയിലുള്ള നാടകീയത മുഴങ്ങുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. “നീലവെളിച്ച”ത്തിൽ ആ സൌണ്ട് ഇഫക്റ്റ് ഇല്ല. ഗാനങ്ങൾക്കെല്ലാം അകമ്പടിയായി സോഫ്റ്റ് മ്യൂസിക് ആണ് ഉള്ളത്. ക്ലൈമാക്സിലൊഴികെ ഏതാണ്ടെല്ലായിടത്തും പതിഞ്ഞ ഉപകരണസംഗീതമാണ്. പൊതുവേയുള്ള വിരസത അകറ്റുന്നതിന് ഈ സോഫ്റ്റ് മ്യൂസിക് തടസ്സമായി. പ്രേക്ഷകർ പൊതുവേ ദൃശ്യങ്ങളേക്കാൾ ശബ്ദങ്ങളോട് പ്രതികരിക്കുന്നവരാണെന്നു തോന്നുന്നു. ബഹളം കൂടുതലുള്ള കമേഴ്സ്യൽ ആക്ഷൻ ചിത്രങ്ങൾ വിജയിക്കുന്നത് അതുകൊണ്ടായിരിക്കാം.
“ഭാർഗ്ഗവീനിലയ”ത്തിലെ ഹാസ്യരംഗങ്ങൾ “നീലവെളിച്ച”ത്തിൽ പാടേ ഒഴിവാക്കിയിട്ടുണ്ട്. ബഷീർ എഴുതിയ തിരക്കഥയിൽ ഈ രംഗങ്ങൾ ഒരുപക്ഷേ ഇല്ലായിരുന്നിരിക്കാം (ഞാൻ തിരക്കഥ വായിച്ചിട്ടില്ല, പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് അറിയുന്നു). അതു പോയതോടെ സിനിമയിലെ ചലനാത്മകമായ ഭാഗങ്ങൾ പാടേ ഇല്ലാതായി. പ്രേക്ഷകരെ പെട്ടന്ന് ഡിസ്കണക്റ്റ് ചെയ്യാൻ അതും ഒരു കാരണമായിട്ടുണ്ടാകാം.
ഇതുപറയുമ്പോൾ ഓർക്കുന്നത് മറ്റൊരു കാര്യമാണ്. ദൃശ്യപരമായി അത്യുജ്ജ്വലമായിരുന്ന മാർട്ടിൻ സ്കോർസേസിയുടെ “ഹ്യൂഗോ” എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. IMDBയിൽ ചിലരുടെ അഭിപ്രായം വായിച്ചപ്പോൾ മനസ്സിലായത്, കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായി യാതൊരു കണക്ഷനും കാണാൻ കഴിയാത്തതുകൊണ്ടാണ് മിക്ക പ്രേക്ഷകർക്കും ആ സിനിമ രസിക്കാതെ പോയത് എന്നാണ്. ചതുരംഗക്കളത്തിലെ കരുക്കളേപ്പോലെ കൃത്യമായ നീക്കങ്ങൾ നടത്തുകയും അതിനെ ബൌദ്ധികമായി നിയന്ത്രിച്ച് പരിണതഫലത്തിലേയ്ക്കെത്തിക്കുകയും ചെയ്യുന്ന ക്രാഫ്റ്റിന് അതിന്റേതായ സൌന്ദര്യമുണ്ട്. പക്ഷേ അതാണോ കല, എന്നു ചോദിച്ചാൽ ബുദ്ധിമുട്ടാകും. ദൃശ്യശബളിമയും ബൌദ്ധികതയും കണ്ട് ഇമ്പ്രസ്സ്ഡ് ആകുന്ന പ്രേക്ഷകർക്കായി സിനിമയെടുക്കുന്നത് സാമ്പത്തികമായി വിഡ്ഢിത്തമാണ്.
“നീലവെളിച്ച”ത്തിനും ഈ പ്രശ്നമുണ്ട്. “ഭാർഗ്ഗവീനിലയ”ത്തിലെ നാണു ഒഴികേയുള്ള എല്ലാ കഥാപാത്രങ്ങളും നന്നായി രൂപപ്പെടുത്തിയവയാണ്. നാണുവിനെ മനഃപൂർവ്വം ദുരൂഹമാക്കി വെച്ചിരിക്കുന്നതാണ്. “നീലവെളിച്ച”ത്തിൽ ആ ഒരു തികവ് കഥാകാരനും നാണുവിനും മാത്രമേ കിട്ടിയുള്ളൂ. മറ്റുള്ളവരെല്ലാം സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞു പോകുന്ന തുണയാളുകൾ മാത്രമായിപ്പോയി. ഭാർഗ്ഗവിയും ശശികുമാറും കുറേക്കൂടി സ്ക്രീൻ ടൈം കിട്ടിയ കഥാപാത്രങ്ങളായിട്ടുകൂടി. ആർക്കും ആരുമായിട്ടും ഗാഢമായോ അധികകാലമായോ ബന്ധമില്ലാത്തതുപോലെ. എനിക്കത് അലോസരമൊന്നും ഉണ്ടാക്കിയില്ല, പക്ഷേ വൈകാരികമായി സിനിമ കാണുന്നവർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല.
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് റോഷൻ മാത്യുവിനേയാണ്. മുമ്പൊരിക്കലും കാണാത്തവിധം സ്നിഗ്ധവും ആർദ്രവുമായ നോട്ടവും സംസാരവുമാണ് അദ്ദേഹത്തിന്റേത്. നാണു ശശിയെ പരിചയപ്പെടാൻ വരുന്ന സീനിൽ പുള്ളി ശരിക്കും കസറി! പോസ്റ്റ്മാനായി വന്നയാളാണ് നന്നായിത്തോന്നിയ മറ്റൊരാൾ. ടൊവീനോ അദ്ദേഹത്തിനെ ഏല്പിച്ച ഏകാന്തപഥികനായ കഥാകാരന്റെ റോൾ കൃത്യമായി ചെയ്തു. മധുവിനേപ്പോലെ ചിരിച്ചും ഞെട്ടിയും നാലുപാടും നടക്കുന്നയാളല്ല, ഒരു quiet, brooding and defensive demeanor ഉള്ള ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന് കുറേക്കൂടി റിയലിസ്റ്റിക് ആയ കാലിബ്രേഷനാണ് ടൊവിനോയുടേത്.
നിരാശപ്പെടുത്തിയത് നിർണ്ണായക കഥാപാത്രങ്ങളായ റിമയും ഷൈനുമാണ്. ഷൈൻ ആ റോളിന് പറ്റിയ ആളേ അല്ല. വിശേഷിച്ച് ടൊവിനോയുമായി താരതമ്യപ്പെടുത്തുമ്പോൾ. കുറേക്കൂടി വലിപ്പവും കരുത്തുമുള്ള ആളെ ആ റോളിന് പരിഗണിക്കാമായിരുന്നു. “അനുരാഗ മധുചഷകം” ഡാൻസ് കണ്ട് കമെന്റടിച്ച പിള്ളേരെ ഷൈൻ വന്ന് ഭീഷണിപ്പെടുത്തുന്ന സീൻ മഹാ കോമഡിയായിപ്പോയി. എലുമ്പൻ ഷൈനും ഘടാഘടിയന്മാരായ മൂന്ന് കോളേജ് യുവാക്കളും! അറുപതുകളിലെ ജന്മി പേശീബലം കൊണ്ടു മാത്രമല്ല, ആൾബലം കൊണ്ടും ഭീകരനാകാം എന്ന കാര്യം അവഗണിക്കുന്നില്ല, എന്നാലും. ക്ലൈമാക്സിൽ ടൊവിനോയുമായുള്ള മൽപ്പിടിത്തത്തിലൊക്കെ ഒരു വിശ്വാസ്യതയുമില്ല. “ഭാർഗ്ഗവീനിലയ”ത്തിലെ പി.ജെ. ആന്റണി എത്രമേൽ ഭയങ്കരനായിരുന്നു! (റിമയേപ്പറ്റി ഒന്നും തന്നെ പറയുന്നില്ല)
മറ്റൊരു ന്യൂനതയായി തോന്നിയത് ഈ സംഭവങ്ങളെ ഒരു നാടുമായി ബന്ധപ്പെടുത്തിയില്ല എന്നതാണ്. ഒരു നാടിനേയും നാട്ടുകാരേയും കാണിക്കുമ്പോൾ അവരുടെ ആകൃതിയും ഭാഷയും ശരീരഭാഷയുമൊക്കെ കൊണ്ടുവരാൻ സാധിക്കും. ഇതിൽ അച്ചടിഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ആകെ. അറുപതുകളിൽ പഠിപ്പുള്ളവരും ഇല്ലാത്തവരും സംസാരിക്കുന്ന രീതി വ്യത്യസ്തമാണ്. ഭക്ഷണരീതി, നടപ്പ് എന്നിവയും. പണിയെടുക്കുന്നവരെല്ലാം ഉറച്ച പേശിയുള്ളവരും വരിതെറ്റിയ കറയുള്ള പല്ലുള്ളവരും വെയിൽ കൊണ്ട് ഇരുണ്ട ശരീരമുള്ളവരുമാണ്. ഇടപെടലുകളിൽ class awareness ഏറെ ഉണ്ടായിരുന്നവരാണ്. അക്കാലത്ത് ജീവിച്ചിരുന്ന മധു ഇപ്പോഴും ഉണ്ട്. ഒന്നു ചോദിച്ചുമനസ്സിലാക്കാമായിരുന്നു. (കുറഞ്ഞപക്ഷം ഉച്ചാരണമെങ്കിലും ശരിക്കാകാമാമായിരുന്നു. “ബാർഗ്ഗവി” എന്നു കേൾക്കുമ്പോഴൊക്കെ ഉലയ്ക്കയെടുത്ത് അടിക്കാൻ തോന്നി. ടിവി, പക്ഷേ നമ്മുടെയാണല്ലോ)
ഇതൊക്കെയാണെങ്കിലും ഈ സിനിമ ഇഷ്ടപ്പെടാൻ കാരണം ഇതിന്റെ പരിഷ്കരിച്ച തിരക്കഥയും ശബ്ദലേഖനവും ചിത്രീകരണവുമാണ്. ഏറെ മിതത്വം പാലിച്ച, കഴിയുന്നത്ര യാഥാർത്ഥ്യബോധത്തോടെ ആവിഷ്കരിച്ച ഒരു പുനർനിർമ്മിതി. അക്കാലത്തെ പ്രകൃതിയുടേയും ഗൃഹ/പരിസരങ്ങളുടേയും പുനർസൃഷ്ടി ഉന്നത നിലവാരം പുലർത്തുന്നു.
ഇത്രയും വലിയൊരു നിരൂപണം എഴുതാനുള്ള ഒരു കാരണം ഇതുപോലുള്ള ധീരമായ പരീക്ഷണങ്ങൾ ഇനിയുമുണ്ടാകണമെന്ന ആഗ്രഹമാണ്. ഗതകാല കലാസൃഷ്ടികൾ വേദങ്ങളേപ്പോലെ മാറ്റങ്ങളനുവദിക്കാതെ ആരാധിക്കപ്പെടേണ്ടതല്ല. ആഖ്യാനങ്ങളും പുനർനിർമ്മിതികളും വേണ്ടതുതന്നെയാണ്. ആഷിക്കിനും ഗിരീഷിനും കൂട്ടർക്കും അതിൽ അഭിമാനിക്കാം!